ന്യൂഡെൽഹി: ലഖിംപുർ ഖേരിയിൽ കർഷകരടക്കം കൊല്ലപ്പെടാനിടയായ സംഘർഷത്തിൽ പിടിയിലായ ആളെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ലഖ്നൗവിൽ നിന്നുള്ള അങ്കിത് ദാസിന്റെ വാഹനത്തിലുണ്ടായിരുന്ന ആളാണ് പിടിയിലായത്.
കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയ വാഹനവ്യൂഹത്തിൽ അങ്കിത് ദാസിന്റെ വാഹനവും ഉണ്ടായിരുന്നെന്നും തങ്ങൾക്ക് മുമ്പിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് കർഷകരെ ഇടിച്ചിട്ടതെന്ന് ഇയാൾ പോലീസിനോട് സമ്മതിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
‘വാഹനവ്യൂഹത്തിൽ താനടക്കമുള്ളവർ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നിൽ പോയ മഹീന്ദ്രയുടെ ഥാറാണ് കർഷകർക്കു നേരെ ഇടിച്ചു കയറ്റിയത്’, പിടിയിലായ ആൾ പോലീസ് ചോദ്യം ചെയ്യുമ്പോൾ പറയുന്നു.
സംഘർഷത്തിന് പിന്നാലെ കർഷകർ പിടികൂടിയ ആളെയാണ് പോലീസ് ചോദ്യംചെയ്തത്. തൊട്ടുപുറകിലുണ്ടായിരുന്ന കറുത്ത ഫോർച്യൂണർ കാറിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. അങ്കിത് ദാസാണ് ഈ വാഹനം ഓടിച്ചിരുന്നത്. മുൻ കോൺഗ്രസ് എംപി അഖിലേഷ് യാദവിന്റെ അനന്തിരവനായ അങ്കിത് ദാസ് ബിജെപി പ്രവർത്തകനാണെന്നാണ് വിവരം.
ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സ്വരം കുടുപ്പിച്ച് ചോദിക്കുമ്പോൾ ഭയ്യയുടെ ആളുകളാണെന്ന് പറയുന്നുണ്ട് പിടിയിലായ ആൾ. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ആണ് ഭയ്യ എന്ന് വിളിക്കുന്നത്.
ആശിഷ് മിശ്രയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി ആവർത്തിക്കുമ്പോഴും യുപി പോലീസിന്റെ എഫ്ഐആറിൽ കൃത്യമായി അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.