മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി (46) യെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി, തിരൂര്‍ പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനൽ വഴി മോഷണം നടത്തിയ കുറ്റത്തിന് ഈ വര്‍ഷം ഷാജിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഈ കേസുകള്‍ നടത്തിയ ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ പിടികൂടിയത്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാൾ.
ഡാന്‍സഫ് ടീം അംഗങ്ങള്‍ മോഷണ കേസില്‍ ഉള്‍പ്പെട്ട പ്രതിയായ ഷാജിയെ പരിശോധിക്കുന്ന സമയം പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരുക്കേല്‍പ്പിച്ച കുറ്റത്തിന് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സമയം ആണ് കഴിഞ്ഞ ദിവസം സമാനരീതിയില്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആറ് പവന്‍ ആഭരണങ്ങള്‍ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.