ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കി. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍ട്ടി വിടുന്ന കാര്യം ക്യാപ്റ്റന്‍ വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ബിജെപിയിലേക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
തനിക്ക് ഈ അധിക്ഷേപം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ സിങ്ങ് എന്‍ഡിടിവിയോട് പ്രതികരിച്ചു. ”ഞാന്‍ ഇതുവരെ കോണ്‍ഗ്രസിലാണ്, പക്ഷെ ഇനി ഞാന്‍ അതില്‍ തുടരില്ല. എന്നെ ഈ രീതിയില്‍ പരിഗണിക്കേണ്ടതില്ല.”- അമരീന്ദര്‍ പറഞ്ഞു.
അമരീന്ദര്‍ ബിജെപിയിലേക്ക് ചേരുമെന്ന അഭ്യൂഹങ്ങക്കിടെ ഇന്നലെ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും അമരിന്ദര്‍ ചര്‍ച്ച നടത്തി.
അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അമരിന്ദര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ ഒഴിവാക്കി ഷായുടെ വാഹനത്തിലാണ് അമരീന്ദര്‍ മടങ്ങിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
ഇതിന് പിന്നാലെ ഇപ്പോള്‍ പാര്‍ട്ടി വിടുന്നതായുള്ള അമരീന്ദറിന്റെ പ്രഖ്യാപനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ അംബികാ സോണി, കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
രാജിക്ക് ശേഷം ചൊവ്വാഴ്ച മുതല്‍ അമരീന്ദര്‍ ഡെല്ഹിയിലുണ്ടെങ്കിലും പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിലെ വിമത വിഭാഗമായ ജി-23 ലെ പ്രധാനികളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കും.