കോണ്‍ഗ്രസിലെ വിമതരോട് അടുക്കാന്‍ അമരീന്ദര്‍; ജി-23 നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്ക്; ലക്ഷ്യത്തിൽ ദുരൂഹത

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിലെ വിമത നേതാക്കള്‍ എന്നറിയപ്പെടുന്ന ജി-23 ഗ്രൂപ്പിലെ നേതാക്കാളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച ഡെല്‍ഹിയിലെത്തിയ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക് ചേക്കെറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ബിജെപി ചേരിയിലേക്ക് കൂടുതൽ പേരെ എത്തിക്കുക എന്ന ദൗത്യവുമായാണ് അമരീന്ദറിൻ്റെ നീക്കമെന്ന പ്രചാരണമുണ്ട്. ജി-23 യിലെ കപില്‍ സിബലും ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെ സ്ഥിതിഗതികളെക്കുറിച്ചും സിബല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അമരീന്ദര്‍-ജി 23 കൂടിക്കാഴ്ചയ്ക്ക് മാനങ്ങളേറെയാണ്. സെപ്റ്റംബര്‍ 18നാണ് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഴിച്ചു പണികള്‍. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല. അമരീന്ദര്‍ സിംഗ്, പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ രാജിയും കേരളത്തില്‍ വി എം സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.

പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയില്‍ വളരെയധികം ദുഖിതനാണെന്നും രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓരോരുത്തരായി പാര്‍ട്ടി വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ ഉടന്‍ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. അമരീന്ദര്‍ സിങ്ങിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ പകുതി അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനവും രാജി വയ്ക്കുന്നത്. പിന്നാലെ രണ്ട് മന്ത്രിമാരും ചില നേതാക്കളും സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഒഴിഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള അമരീന്ദര്‍ ബിജെപി പക്ഷത്തേക്ക് ചായുന്നു എന്നുള്ള വാര്‍ത്തകളും വിമത നേതാക്കളെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നതുമായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. അങ്ങിനെയങ്കില്‍ അമരീന്ദറിന്റെ നിലപാട് കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.