ചണ്ഡിഗഢ്: സംസ്ഥാന കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രാജി വച്ചതിനു പിന്നാലെ പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി കൂടുതൽ രാജി. സിദ്ദുപക്ഷക്കാരിയായ മന്ത്രി റസിയ സുൽത്താനയാണ് രാജിവച്ചത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് രണ്ടു ദിവസത്തിനകമാണ് ഇവർ സ്ഥാനം രാജിവച്ചത്. സിദ്ദുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി.
പഞ്ചാബിന്റെ താൽപര്യം മുൻനിർത്തി പ്രവർത്തകയായി പാർട്ടിയിൽ തുടരുമെന്ന് അവർ രാജിക്കത്തിൽ പറഞ്ഞു. സിദ്ദു സാഹിബ് ധാർമികതയുള്ളയാളാണ്. അദ്ദേഹം പോരാടുന്നത് പഞ്ചാബിനും പഞ്ചാബികൾക്കും വേണ്ടിയാണ്. ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ രാജിയെന്നും അവർ എഎൻഐയോട് പറഞ്ഞു. രാജിക്കു പിന്നാലെ ഇവർ സിദ്ദുവിന്റെ വീട്ടിലെത്തി ഭാവികാര്യങ്ങൾ ചർച്ച ചെയ്തു. നേരത്തെ, സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ചഹലും രാജി വച്ചിരുന്നു.
പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലിം ജനപ്രതിനിധിയാണ് റസിയ. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലർകോട്ലയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് ഇവർ സഭയിലെത്തുന്നത്. പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെ ഭാര്യയാണ്.
പൊട്ടിത്തെറികൾ കോൺഗ്രസ് നേതാക്കളിൽ ആശങ്ക പരത്തിയിട്ടുണ്ട്. അമരീന്ദർ സിംഗ്-സിദ്ദു വിഭാഗങ്ങളെ അനുരഞ്ജിപ്പിക്കാൻ ഉന്നത നേതാക്കൾ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ പിണങ്ങി നിൽക്കുന്നവരെ ചാക്കിലാക്കാൻ ബിജെപിയും അണിയറയിലുണ്ട്. അമരീന്ദർ അടക്കമുള്ള നേതാക്കളെ ലക്ഷ്യമാക്കി ബിജെപി ദേശീയ നേതൃത്വം കരുനീക്കം തുടങ്ങിക്കഴിഞ്ഞു.