മാനവരാശിയെ ജിഹാദി ആശയങ്ങളിൽനിന്ന് മോചിപ്പിക്കുന്നതിന് എന്തുചെയ്യാൻ കഴിയും ; മലബാർ കലാപം ജിഹാദികൾ നടത്തിയ ആസൂത്രിത വംശഹത്യയെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മാനവരാശിയെ മുഴുവൻ ജിഹാദി ആശയങ്ങളിൽനിന്ന് മോചിപ്പിക്കുന്നതിന് എന്തുചെയ്യാൻ കഴിയും എന്നതിനെപ്പറ്റി ആഴത്തിൽ ചർച്ച ചെയ്യേണ്ട സമയമാണിതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാർ കലാപത്തെക്കുറിച്ച് ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു യോഗി. 1921 ലെ മലബാർ കലാപം ജിഹാദികൾ നടത്തിയ ആസൂത്രിത വംശഹത്യ ആയിരുന്നുവെന്ന് യോഗി പറഞ്ഞു.

‘മലബാർ വംശഹത്യ’പോലെയുള്ളവ ആവർത്തിക്കപ്പെടാത്ത സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിനുവേണ്ടി എല്ലാ ഇന്ത്യക്കാരും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു വരണമെന്നും യോഗി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾ കഴിഞ്ഞ 75 വർഷമായി ഇന്ത്യ അനുസ്മരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രം ശരിയായ കാഴ്ചപ്പാടിൽ ഉൾക്കൊള്ളേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ചരിത്രം ശരിയായ രീതിയിൽ അറിയാത്ത രാജ്യത്തിന് അതിന്റെ അതിർത്തികൾ സംരക്ഷിക്കാനാവില്ല.

നൂറു വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ജിഹാദി ശക്തികൾ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. വംശഹത്യ ആസൂത്രിതമായ രീതിയിൽ ദിവസങ്ങളോളം തുടർന്നു. ചില കണക്കുകൾ പ്രകാരം 10,000ത്തിലധികം ഹിന്ദുക്കളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും ആക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു.

വംശഹത്യ മറയ്ക്കാൻ നിരവധി പേരുകൾ പിന്നീട് അതിനൊപ്പം കൂട്ടിച്ചേർത്തു. ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതിനെത്തുടർന്ന് മുസ്ലിം വിഭാഗത്തിലുണ്ടായ രോഷമായിരുന്നു അതെന്നാണ് ചിലർ പറയുന്നത്. ചിലർ അതിനെ മാപ്പിള ലഹളയെന്ന് വിളിക്കുന്നു. ഭൂവുടമകൾ മുസ്ലിം വിഭാഗത്തെ ചൂഷണം ചെയ്തതാണ് കാരണം എന്നാണ് അവർ പറയുന്നത്. ഭൂവുടമകളുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നുവെങ്കിൽ നിരവധി സാധാരണ ഹിന്ദുക്കൾ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണ് ? മതം മാറാൻ അവർ വിസമ്മതിച്ചതു കൊണ്ടാണോ ? ഇടത് ചിന്താഗതിയുടെയും കപട മതേതരത്വത്തിന്റെയും സ്ഫടികത്തിലൂടെ ചിത്രരചന നടത്തിയിരുന്നവർ എല്ലാകാലത്തും പ്രീണന നയങ്ങൾ പിൻതുടർന്നിരുന്നു എന്നതാണ് സത്യം. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുംനട്ടിരുന്ന പാർട്ടികൾ ഇത്തരം ശ്രമങ്ങളെ പിന്തുണച്ചുവെന്നും യോഗി ആരോപിച്ചു.