ഡെൽഹിയിൽ ജില്ലാ കോടതിക്കുള്ളിൽ നടന്ന വെടിവയ്പ്; ഗുണ്ടാത്തലവൻ ​കൊല്ലപ്പെട്ടു

ന്യൂഡെൽഹി: ഡെൽഹി രോഹിണി​യിലെ ജില്ലാ കോടതിക്കുള്ളിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാത്തലവൻ ​കൊല്ലപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ഡൽഹിയിലെ പ്രമുഖ കുറ്റവാളി ജിതേന്ദർ ഗോഗിയാണ്​ കൊല്ലപ്പെട്ടത്​. മറ്റ്​ രണ്ടുപേർ കൂടി കൊല്ലപ്പെ​ട്ടെന്നും ആറുപേർക്ക്​ പരിക്കേറ്റെന്നുമാണ്​​ പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ഒരു വനിത അഭിഭാഷകയും ഉൾപ്പെടുന്നു.

രോഹിണിയിലെ ജില്ലാ കോടതിയിലെ 206ാം നമ്പർ മുറിയിലാണ്​ വെടിവെപ്പ്​ നടന്നത്​. ജഡ്​ജിക്കു മുമ്പാകെ ഹാജരാക്കിയ ഗോഗിക്കുനേരെ അഭിഭാഷക വേഷത്തിൽ കോടതി മുറിയിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡെൽഹി പൊലീസ്​ തിരികെ അക്രമികളെയും വെടിവെച്ചു. ഗോഗിയടക്കം മൂന്നുപേർ കോടതി മുറിക്കുള്ളിൽ വെടിയേറ്റു മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്​.

കുപ്രസിദ്ധ കുറ്റവാളിയായ ഗോഗിയെ അതീവ സുരക്ഷയോടെയാണ്​ പൊലീസ്​ കോടതിയിലെത്തിച്ചത്​. തീഹാർ ജയിലിൽ തടവിൽ കഴിയു​േമ്പാളും വ്യവസായികളെ വിളിച്ച്​ ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുത്ത കേസിലും ആയുധക്കടത്ത്​ കേസിലുമൊക്കെ പ്രതിയാണ്​ ഗോഗി. അഞ്ച്​ മിനിറ്റോളം കോടതി മുറിയിൽ പൊലീസും അക്രമികളും തമ്മിൽ വെടിവെപ്പ്​ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. കോടതിയും പരിസരവും ഇപ്പോൾ കനത്ത പൊലീസ്​ കാവലിലാണ്