തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മാലി വനിത ഫൗസിയ ഹസ്സന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസ് വഴിയാണ് മൊഴിയെടുത്തത്. സിബിഐ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്.
കേസിലെ ഏറ്റവും നിർണായകമായ രണ്ടു മൊഴികൾ അന്ന് ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്. ഗൂഢാലോചനക്കേസിൽ ഇരുവരുടെയും മൊഴി നേരിട്ടാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ നേരിട്ട് രേഖപ്പെടുത്തുന്നതിൽ സാങ്കേതികമായ തടസ്സങ്ങളുണ്ട്. അതിനാലാണ് ഫൗസിയ ഹസ്സന്റെ മൊഴി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് മുഖാന്തരം രേഖപ്പെടുത്തിയത്.
ഇതിനൊപ്പം സിബിഐ സംഘം ബെംഗളൂരുവിലെത്തി അന്ന് ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട ടി. ചന്ദ്രശേഖറിന്റെയും എസ്.കെ. ശർമയുടെയും ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചന്ദ്രശേഖറിന്റെ ഭാര്യയുടെയും ശർമയുടെ മകളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. ചന്ദ്രശേഖറും ശർമയും മരിച്ചു പോയതിനിലാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികൾ ഐഎസ്ആർഒ ചാരക്കേസിൽ നിർണായകമാണ്.
13 ഉദ്യോഗസ്ഥരാണ് ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ ചിലർ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മറിയം റഷീദയുടെ മൊഴികൂടി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഓൺലൈൻ ആയിവേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നേരത്തെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും ഹൈക്കോടതിയിൽ അടക്കം ഹർജി നൽകിയിരുന്നു.
ചാരക്കേസ് ഗൂഢാലോചന കേസ് അന്വേഷണം ആരംഭിച്ചപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ സിബിഐക്കും അപേക്ഷ നൽകിയിരുന്നു. രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇവർ ഉന്നയിച്ചിരുന്ന ആവശ്യം. ഈ കത്തുകൂടി സിബിഐ ഇപ്പോൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജാമ്യത്തെ എതിർത്ത് സിബിഐ നൽകിയ ഹർജിക്ക് ബലംകിട്ടാനായിട്ടാണ് ഈ നഷ്ടപരിഹാരം ആവശ്യപ്പെട്ട കത്തും ഒപ്പം സമർപ്പിച്ചിരിക്കുന്നത്.