ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീം കോടതിയിലേക്ക്

ന്യൂഡെല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീംകോടതിയില്‍. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് ഇരുവരുടേയും ആവശ്യം.സിബിഐ മുഖേനയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്‌പെട്കര്‍ പി വിജയനെതിരെ ലൈംഗിക പീഡനത്തിന് നിയമനടപടി പ്രകാരം പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

ചാരക്കേസ് ഗൂഡാലോചനയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരത്തിനുള്ള ആവശ്യം ഉന്നയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളക്കേസില്‍ ജയിലില്‍ അടക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവിന് തുടര്‍ച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയിലില്‍ അടച്ചതിനെ തുടര്‍ന്ന് തങ്ങളുടെ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരും ഹര്‍ജിയില്‍ പറയുന്നത്.

ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണത്തില്‍ സിബിഐ 18 മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ഈ 18 ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് മറിയം റഷീദയുടേയും ഫൗസിയ ഹസ്സന്റേയും ആവശ്യം.

ഇതില്‍ മുന്‍ ഐബി ജോയിന്റ് ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജ്ജി അടുത്ത ദിവസം കോടതി പരിഗണിക്കും ഈ ദിവസം നഷ്ടപരിഹാരം ആവശ്യം സിബിഐ കോടതിയില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ എസ് വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്നും തന്നോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്ന് മറിയം റഷീദയും ആവശ്യപ്പെടുന്നു.