ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ശിഷ്യന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. നരേന്ദ്രഗിരിയുടെ അടുത്ത അനുയായിയും ശിഷ്യനുമായിരുന്ന ആനന്ദ് ഗിരി, അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ശിഷ്യന്മാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് നരേന്ദ്ര ഗിരിയെ ബഘംബരി മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം മുറിയിൽ നിന്ന് പുറത്തുവരുന്നില്ലെന്ന് കണ്ട ശിഷ്യന്മാർ വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. മഹന്ത് നരേന്ദ്ര ഗിരിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിന്റെ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകി. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാരണമായവരുടെ പേരുകൾ നരേന്ദ്രഗിരി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മരിക്കുന്നതിന് മുൻപ് അദ്ദേഹം വീഡിയോയും ചിത്രീകരിച്ചിരുന്നു. ‘അന്തസ്സോടെയാണ് ഞാൻ ജീവിച്ചത്, അപമാനത്തോടെ ഇനി ജീവിക്കാൻ കഴിയില്ല, അതിനാൽ ജീവനൊടുക്കുന്നു’ എന്നാണ് നരേന്ദ്രഗിരി കുറിപ്പിൽ എഴുതിയതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആനന്ദ് ഗിരിയെ കഴിഞ്ഞ മെയ് മാസം പരിഷത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചാണ് ആനന്ദ് ഗിരിയെ വിലക്കിയത്. നരേന്ദ്ര ഗിരിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.