പഞ്ചാബിൽ അമരീന്ദറിന്റെ പകരക്കാരന്‍; ഹൈക്കമാൻഡ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ

ന്യൂഡെല്‍ഹി: കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നിഷ്ക്രിയത്വത്തിൽ സങ്കീർണമായ പഞ്ചാബിലെ പാർട്ടിയിലെ ഭിന്നതയ്ക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കം. തന്ത്രങ്ങളോ നിലപാടുകളോ ഇല്ലാത്ത ഹൈക്കമാൻഡ് പഞ്ചാബിലും പാർട്ടിക്ക് കുളം തോണ്ടുമെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. മാസങ്ങള്‍ നീണ്ട ചക്കളത്തിപ്പോരാട്ടത്തിന് ഒടുവിലാണ് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് രാജിവച്ചത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ പുരോഗിക്കുകയാണ്.

അമരീന്ദറിൻ്റെ പ്രതിയോഗിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ അത് മറ്റൊരു പൊട്ടിത്തെറിക്ക് ഇടയാക്കും. അതേസമയം പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന അംബിക സോണിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തയുമായ അംബിക സോണിയെ 1969 ല്‍ ഇന്ദിരാഗാന്ധിയാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. അംബിക സോണി സഞ്ജയ് ഗാന്ധിയോടൊപ്പം പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയുടെ മുന്നണി സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള അംബിക സോണി പഞ്ചാബില്‍ നിന്ന് നിരവധി തവണ രാജ്യസഭാംഗമായിട്ടുണ്ട്.

നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയാക്കികൊണ്ട് അംബികസോണിയെ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുത്തിയാല്‍ പുതിയതും പഴയതുമായ നേതൃത്വ സമന്വയത്തെ സന്തുലിതമാക്കാന്‍ കഴിയുമെന്നതും അംബികാ സോണിക്ക് സാധ്യത നല്‍കുന്നുണ്ട്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങില്‍ നിന്ന് അടക്കമുള്ള പ്രതിരോധവും കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒരു കൂട്ടർ വിലയിരുത്തുന്നു.

എന്നാല്‍ ഒരു സിഖ് നേതാവ് തന്നെ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തണമെന്ന് അംബികാ സോണി നിര്‍ദ്ദേശിച്ചതായും തന്നെ പരിഗണിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാക്കറിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പ്രധാന പേര്. എന്നിരുന്നാലും, പഞ്ചാബ് നിയമസഭയില്‍ സുനില്‍ ജാക്കര്‍ എംഎല്‍എ അല്ലാത്തതിനാല്‍ നവജ്യോത് സിംഗ് സിദ്ദു തന്നെ ഉന്നത പദവിയിലേക്ക് എത്തുമെന്ന് പ്രതിക്ഷീക്കുന്നവരും കുറവല്ല.

അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച്, സുഖ്ജീന്ദര്‍ സിംഗ് രന്ധാവ, പാര്‍ട്ടി നേതാക്കളായ ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വ, ബ്രഹ്ം മൊഹീന്ദ്ര, വിജയ് ഇന്ദര്‍ സിംഗ്ല, പഞ്ചാബ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കുല്‍ജിത് സിംഗ് നഗ്ര, എംപി പര്‍തപ് സിംഗ് ബജ്വ എന്നിവരും സ്ഥാനത്തിനായുള്ള ഓട്ടത്തിലാണ്.

തന്നെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിതിനെ തുടര്‍ന്നായിരുന്നു രാജി.

‘കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ കോണ്‍ഗ്രസ് നേതൃത്വം എന്നെ അപമാനിച്ചു. മുമ്പ് രണ്ട് തവണ എംഎല്‍എമാരെ ഡെല്‍ഹിയിലേക്ക് വിളിച്ചു, ഇപ്പോള്‍ അവര്‍ ഇന്ന് ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി (സിഎല്‍പി) യോഗം വിളിച്ചു,’ അമരീന്ദര്‍ സിംഗ് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ കഴിവിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, തനിക്ക് അപമാനം തോന്നുന്നുവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

അതേസമയം, ശനിയാഴ്ച ചണ്ഡീഗഡില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ രണ്ട് പ്രമേയങ്ങള്‍ പാസാക്കി. പഞ്ചാബിന്റെ വികസനത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പങ്കിനെ അഭിനന്ദിച്ചായിരുന്നു ആദ്യ പ്രമേയം. രണ്ടാമത്തെ പ്രമേയത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും നിയമസഭാംഗങ്ങള്‍ തീരുമാനം അംഗീകരിക്കണമെന്നും പ്രസ്താവിച്ചു.