മൂവാറ്റുപുഴ: രണ്ട് പാമ്പുകൾ വ്യത്യസ്ത ദിശയിലേക്ക് തലപൊക്കി നിൽക്കുന്ന പ്രതീതി. അതും മൂർഖൻപാമ്പിന്റെ തലയോട് സാദൃശ്യമുള്ളതാകുമ്പോൾ പെട്ടെന്ന് ആരുമൊന്ന് ഞെട്ടും. കാഴ്ചക്കാരിൽ കൗതുകമുണർത്തി ‘സർപ്പശലഭം’ (അറ്റ്ലസ് മോത്ത്). കല്ലൂർക്കാട് പഞ്ചായത്ത് യുപി സ്കൂൾ വെള്ളാരംകല്ലിലെ ഒന്നാംക്ലാസ് വിദ്യാർഥിയും സീഡ് ക്ലബ്ബ് അംഗവുമായ ജ്യോതിൻ സുധിന്റെ വീട്ടിലാണ് ഇത് പറന്നെത്തിയത്.
വീട്ടുമുറ്റത്തെ ചെടിയിലാണ് ജ്യോതിൻ സുധിൻ കഴിഞ്ഞദിവസം ശലഭത്തെ കണ്ടെത്തിയത്. മൂർഖൻപാമ്പിന്റെ തലയോട് സാദൃശ്യമുള്ള ചിറകുള്ള ഇവ ലോകത്തിലെതന്നെ ഏറ്റവും വലുപ്പമുള്ള നിശാശലഭം കൂടിയാണ്. ചിറകുകൾ വിടർത്തുമ്പോൾ ഏകദേശം 10 ഇഞ്ച് നീളമുണ്ട്.
ചുവപ്പുകലർന്ന തവിട്ടുനിറമാണ് ഈ ശലഭത്തിന്. മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകൾ പോലുള്ള പൊട്ടുകളുമുണ്ട്. മുന്നിലെയും പിന്നിലെയും ചിറകുകളിൽ വെളുത്ത നിറമുള്ള ത്രികോണ അടയാളങ്ങളുള്ള ശലഭം കാഴ്ചയിൽ ഫണം വിടർത്തിയ സർപ്പത്തെ ഓർമിപ്പിക്കുന്നു. ഈ സാദൃശ്യമാണ് അറ്റ്ലസ് മോത്തിന് സർപ്പശലഭം എന്ന പേരിന് കാരണം.
രണ്ടാഴ്ച മാത്രമാണ് ഈ ശലഭങ്ങൾക്ക് ആയുസ്സുള്ളത്. സാധാരണയായി നിത്യഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് സാധാരണയായി ഇവയെ കാണാറുള്ളത്.