ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടുന്നതുസംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ(എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) തുടങ്ങിയ റെഗുലേറ്റർമാരോട് ലയന കരാറുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികളെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിൽ എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവ, മുകുൾ റോത്ഗി എന്നവരുൾപ്പടെയുളളവരുടെ വാദംകേട്ടശേഷമാണ് നടപടി.
റിയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞുകൊണ്ടുള്ള ഡെൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സുപ്രീംകോടതി സ്റ്റേചെയ്തിട്ടുണ്ട്. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഫ്യൂച്ചർ കൂപ്പൺസ്, ഫ്യൂച്ചർ റീട്ടെയിൽ എന്നിവയുടെയും ഫ്യൂച്ചർ ഗ്രൂപ്പ് പ്രൊമോട്ടർ കിഷോർ ബിയാനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഡെൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചർ കൂപ്പൺസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് ചില്ലറ-മൊത്തവ്യാപാര ബിസിനസ് റിലയൻസ് റീട്ടെയിലിന് വിൽക്കാനുള്ള 24,731 കോടി രൂപയുടെ കരാറുമാറി മുന്നോട്ടുപോകുന്നത് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ തടഞ്ഞത്. ഫ്യൂച്ചർ കൂപ്പണിൽ ഓഹരി പങ്കാളിത്തമുള്ള ആമസോണിന്റെ ഹർജിയെതുടർന്നായിരുന്നു ഇത്.