ബ്രാഹ്മണർക്കെതിരായ പരാമർശം; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

ന്യൂഡെൽഹി: ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാർ ഭാഗേൽ അറസ്റ്റിൽ. ബ്രാഹ്മണർ വിദേശികളാണെന്നത് അടക്കമുള്ള പരാമർശത്തിലാണ് നടപടി. റായ്പൂർ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജാമ്യാപേക്ഷ നൽകിയിരുന്നില്ലെന്നും സെപ്റ്റംബർ 21 ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും നന്ദ കുമാർ ഭാഗേലിന്റെ അഭിഭാഷകൻ അറിയിച്ചു. ബ്രാഹ്മണൻമാരെ നാടുകടത്തണമെന്നായിരുന്നു നന്ദകുമാർ ഭാഗേലിന്റെ പരാമർശം വലിയ വിവാദമായിരുന്നു.

ഗ്രാമങ്ങളിൽ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് അഭ്യർഥിച്ച ഭാഗേൽ അവരെ ബഹിഷ്കരിക്കണമെന്നും തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നുമായിരുന്നു പ്രസംഗിച്ചത്. പരാമർശം വിവാദമായതോടെ സർവ ബ്രാഹ്മിൺ സമാജ് പരാതി നൽകി.

സർവ ബ്രാഹ്മിൺ സമാജിൻ്റെ പരാതിയിലാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് കടന്നത്. പരാമർശം വിവാദമായതോടെ നന്ദകുമാർ ഭാഗേലിനെ തള്ളി ഭൂപേഷ് ഭാഗേൽ രംഗത്തെത്തിയിരുന്നു.