ഭവാനിപൂരില്‍ മമതയ്ക്ക് എതിരെ സുവേന്ദു അധികാരിയില്ല ; ഉപതിരഞ്ഞെടുപ്പിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

കൊല്‍ക്കത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മത്സരിക്കില്ല. പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബാനര്‍ജിയെ സുവേന്ദു അധികാരിയാണ് തോല്‍പ്പിച്ചത്. ഭവാനിപുരില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഭവാനിപൂരില്‍ മറ്റൊരാള്‍ മത്സരിക്കും. സുവേന്ദു അധികാരി മമതയെ തോല്‍പ്പിച്ച ആളാണ്. എന്തിനാണ് ഒരു വ്യക്തി തന്നെ അവരെ പലതവണ തോല്‍പ്പിക്കുന്നത്? ഇത്തവണ മറ്റൊരാള്‍ അത് ചെയ്യും.’ ദിലീപ് ഘോഷ് പറഞ്ഞു. ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാധ്യതകള്‍ ബിജെപി തേടുകയാണെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ മമത ബാനര്‍ജിക്ക് ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. മേയ് 5നാണ് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 5നകം എംഎല്‍എയായില്ലെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1,956 വോട്ടിനാണ് മമത പരാജയപ്പെട്ടത്. ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന തൃണമുല്‍ നേതാവ് സൊവാന്‍ദേബ് ചാറ്റോപാദ്യായ രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ലും 2016 ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമതാ ബാനര്‍ജി.

ഈ മാസം 30നാണ് ബംഗാളിലും ഒഡീഷയിലുമായി നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂരിന് പുറമെ ബംഗാളില്‍ സേര്‍ഗഞ്ചിലും ജംഗിപ്പൂരിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

അതേസമയം ഭവാനിപുരില്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അങ്ങനെ വരികയാണെങ്കില്‍ കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ഒറ്റക്കെട്ടായാകും മണ്ഡലത്തില്‍ ബിജെപിയെ നേരിടുക.