കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും നിര്‍ണായകമായ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്. മമത മത്സരിക്കുന്ന ഭവാനിപുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഭവാനിപുരില്‍ മമത പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭാവാനിപുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത അവസ്ഥയുണ്ടായാല്‍ ബിജെപി മുഖ്യ എതിരാളിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഒറ്റക്കെട്ടാകുന്ന അവസ്ഥയും ഉണ്ടാകും. ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന് നടക്കും. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിച്ച മമതാ കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി മമതാ ബാനര്‍ജിയുമായി അടുക്കാനാണ് കോണ്‍ഗ്രസും ശ്രമം നടത്തുന്നത്.
വിശാല പ്രതിപക്ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് തൃണമൂല്‍ സര്‍ക്കാരിലും കാര്യമായ എതിര്‍പ്പില്ല എന്നതും് മമതയ്ക്ക് നേട്ടമാണ്. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ വെര്‍ച്വല്‍ യോഗത്തിലും മമത പങ്കെടുത്തിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമതാ ബാനര്‍ജി തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. ഭാവാനിപൂരിനൊപ്പം സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നിവടങ്ങളിലും സെപ്റ്റംബര്‍ 30ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതേ ദിവസം തന്നെ ഒഡീഷയിലെ പിപ്ലിയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയും ഭരണഘടനാ ആവശ്യകതയും കണക്കിലെടുത്താണ് ഭാവാനിപുരില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1,956 വോട്ടിനാണ് മമത പരാജയപ്പെട്ടത്.
ഭവാനിപൂരില്‍ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന ടിഎംസി നേതാവ് സൊവാന്‍ദേബ് ചാറ്റോപാദ്യായ രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ലും 2016 ലും ഭവാനിപൂരിലെ എംഎല്‍എ ആയിരുന്നു മമതാ ബാനര്‍ജി.