പട്ന: അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദമാകുന്നു. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലാണ് പാറ്റ്നയില്‍ നിന്ന് ഡല്‍ഹി വരെ അടിവസ്ത്രം മാത്രം ധരിച്ച് സഞ്ചരിച്ചത്. സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്‍റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.
അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളില്‍ നില്‍ക്കുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം. അതേ സമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ഗോപാല്‍ മണ്ഡല്‍ രംഗത്തെത്തി.
‘അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിക്കേണ്ടി വന്നത്. ഞാന്‍ കള്ളം പറയില്ല.’ ഗോപാല്‍ മണ്ഡല്‍ വിശദീകരിച്ചു. ഗോപാല്‍ മണ്ഡലിന്റെ പെരുമാറ്റത്തില്‍ കനത്ത വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എയുടെ പെരുമാറ്റത്തില്‍ ശ്രദ്ധകൊടുക്കണമെന്നും ആര്‍ജെഡി സൂചിപ്പിച്ചു.
സംസ്ഥാനത്തിന്റെ പേര് തന്നെ മോശമാക്കുന്ന രീതിയിലാണ് എംഎല്‍യുടെ പെരുമാറ്റമെന്ന് ആര്‍ജെഡി വക്താവ് ഭായി വിരേന്ദ്ര ആരോപിച്ചു. പൊതുജനമദ്ധ്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എമാരെ പഠിപ്പിക്കണമെന്നും ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു.