ന്യൂഡെല്‍ഹി: പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേരമരം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ വളരും. പത്തനാപുരത്ത് ജൈവകൃഷി ചെയ്യുന്ന ജയലക്ഷ്മിയെ സന്ദർശിച്ച സുരേഷ് ഗോപി എം.പിക്ക് പേരമരം നല്കിയപ്പോള് ആ പെണ്‍കുട്ടി വിചാരിച്ചതല്ല പിന്നീട് സംഭവിച്ചത്.
പേരമരം സ്വീകരിച്ചു മടങ്ങിയ സുരേഷ്ഗോപി മരം പ്രധാനമന്ത്രിക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞത് ഇന്നലെയാണ്. ഇന്ന് തന്നെ ആ തൈ അദ്ദേഹം പ്രധാനമന്ത്രിക്ക് എത്തിച്ചു നൽകുകയും ചെയ്തു. ജയലക്ഷ്മിയുടെ ചെടി ഡെൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇനി വളരും.
ചെടി നരേന്ദ്ര മോദിക്കു കൈമാറുന്ന ചിത്രം പങ്കു വച്ച് സുരേഷ് ഗോപി കുറിച്ചതിങ്ങനെ.
‘പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.’