ന്യൂഡെൽഹി: സ്വന്തം കാർ കുഴിച്ചിട്ട് വ്യത്യസ്തമായ പരീക്ഷണത്തിനൊരുങ്ങുകയാണ് യൂ ട്യൂബർ ആയ യുവാവ്. തന്റെ റണ്ണിങ് കണ്ടീഷനിലുള്ള ഓപെൽ കോർസ സെഡാൻ കാറിനെയാണ് ‘മിസ്റ്റർ ഇന്ത്യൻ ഹാക്കർ’ എന്ന യൂട്യൂബ് ചാനൽ ഉടമയായ യുവാവ് ഇതിനായി സംസ്കരിച്ചത്. വാഹനം പഴയതാണെങ്കിലും കാര്യമായ തകരാറുകൾ ഒന്നുമില്ലെന്ന് യുവാവ് വ്യക്തമാക്കി. ആറ് മാസം മണ്ണിൽ കുഴിച്ചിട്ടാൽ ഒരു കാറിന് എത്രമാത്രം നാശമുണ്ടാകുമെന്ന് കണ്ടെത്തുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.
മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിയെടുത്താണ് യുവാവ് തന്റെ വിചിത്രമായ പരീക്ഷണത്തിനായി വാഹനം കുഴിച്ചുമൂടിയത്. ഇത്തരത്തിൽ സ്വന്തം കാറുപയോഗിച്ച് മുമ്പും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി കാർ നേരത്തെ വെള്ളത്തിൽ ഓടിച്ചിരുന്നുവെന്നും യുവാവ് പറയുന്നു. എന്നാൽ കാർ അതിനെ അതിജീവിച്ചുവെന്നും യുവാവ് വ്യക്തമാക്കുന്നു.
വാഹനം പൂർണമായും ഇറക്കിവെക്കാൻ കഴിയുന്ന തരത്തിൽ കുഴി എടുത്തശേഷം ക്രെയിൻ ഉപയോഗിച്ച് കുഴിയിലേക്ക് ഇറക്കി വെച്ച് മണ്ണിട്ട് മൂടുകയായിരുന്നു. അതേസമയം, ഇത് പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണെന്നും ആറ് മാസത്തിനുശേഷമായിരിക്കും രണ്ടാം ഘട്ടം ഉണ്ടായിരിക്കുക എന്നും യുവാവ് അറിയിച്ചു. ആറ് മാസത്തിന് ശേഷംവാഹനം പുറത്തെടുത്ത് യന്ത്രഭാഗങ്ങൾ പ്രവർത്തിക്കുന്ന അവസ്ഥയിലാണോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും യുവാവ് വ്യക്തമാക്കി.