രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടി ; കോവിഷീൽഡ് മൂന്നാം ഡോസിന് നിലവില്‍ വ്യവസ്ഥയില്ല; കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഇടവേള 84 ദിവസമാക്കിയത് വാക്സിൻക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാംഡോസ് വാക്സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹർജികളാണ് ഹൈക്കോടതി മുൻപാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നൽകിയതായിരുന്നു. തങ്ങളുടെ ജീവനക്കാർക്ക് കോവിഷീൽഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നൽകിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നൽകാൻ അനുമതി നൽകുന്നില്ല എന്നായിരുന്നു കിറ്റക്സിന്റെ പരാതി. വാക്സിൻ എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്.

കിറ്റക്സിന്റെ ഹർജി പരിഗണിക്കവേ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഈ വിശദീകരണത്തിലാണ്, കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കൊണ്ടാണോ ഇടവേള വർധിപ്പിച്ചതെന്ന് കോടതി ചോദിച്ചിരുന്നു.

കണ്ണൂർ സ്വദേശിയായ ഗിരികുമാർ എന്നയാൾ സമർപ്പിച്ച ഹർജിയും പിന്നീട് കോടതി മുൻപാകെ വന്നു. കോവാക്സിൻ കുത്തിവെപ്പാണ് ഇദ്ദേഹം എടുത്തിരുന്നത്. എന്നാൽ അതിനു ശേഷം വിദേശത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ, കോവാക്സിന് വിദേശരാജ്യങ്ങൾ അംഗീകാരം നൽകാത്തതിനാൽ പോകാൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ്, സൗദിയിലേക്ക് ജോലിക്കു പോകാൻ മൂന്നാംഡോസ് ആയി കോവിഷീൽഡ് വാക്സിൻ കുത്തിവെക്കാൻ അനുമതി തേടി ഗിരികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലും കേന്ദ്രസർക്കാർ വിശദീകരണം നൽകി.