ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിങ് (89)അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യു.പിയിലെ അത്രൗലിയിൽ 1932 ജനുവരി അഞ്ചിനാണ് കല്യാൺ സിങ്ങിന്റെ ജനനം. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും കല്യാൺ സിങ് പ്രവർത്തിച്ചിരുന്നു. 1991-ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.

1993-ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽനിന്ന് കല്യാൺ സിങ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിൽനിന്നും വിജയിച്ച കല്യാൺ സിങ്, മുലായം സിങ് യാദവ് മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവായി. 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.

1999-ൽ ബിജെപി വിട്ട കല്യാൺ സിങ് 2004-ൽ പാർട്ടിയിൽ തിരിച്ചെത്തി. 2004-ൽ ബുലന്ദേശ്വറിൽ നിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009-ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പാർട്ടി വിട്ട സിങ്, 2014 ലാണ് ബിജെപിയിൽ തിരിച്ചെത്തിയത്.