കുതിരയുടെ മേല്‍ ബിജെപി പതാക പെയിന്റ് ചെയ്തു; പരാതിയുമായി മേനകഗാന്ധിയുടെ സംഘടന

ഇന്‍ഡോര്‍: ജന്‍ ആശീര്‍വാദ യാത്രയില്‍ ഉപയോഗിച്ച കുതിരയ്ക്ക് മേല്‍ ബിജെപിയുടെ പതാക പെയിന്റ് ചെയ്തതിന് എതിരെ പരാതി. സംഭവത്തില്‍ ബിജെപി എംപി കൂടിയായ മനേക ഗാന്ധിയുടെ സംഘടന പിഎഫ്എ പൊലീസില്‍ പരാതി നല്‍കി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രയിലാണ് ബിജെപി പതാക കുതിരക്ക് മേല്‍ വരച്ച് അണിനിരത്തിയത്.

മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. ഇതേ തുടര്‍ന്ന് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാര്‍ട്ടി പതാകയ്ക്കൊപ്പം ചിഹ്നമായ താമരയും ബിജെപിയുടെ പേരും കുതിരയുടെ മേല്‍ വരച്ചിട്ടുണ്ട്. കഴുത്തില്‍ ബിജെപി എന്ന് പ്രിന്റ് ചെയ്ത സ്‌കാര്‍ഫും കെട്ടിയിട്ടുണ്ട്.

പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടി 22 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചുള്ളതാണ് പരിപാടി. സംഭവത്തില്‍ പിഎഫ്എ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.