അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിൽ

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിൽ. അസംസ്‌കൃത എണ്ണ വില യിൽ ഒരു മാസമായി മാറ്റമില്ല. 2020 ഫെബ്രുവരിക്ക് ശേഷമുള്ള തുടര്‍ച്ചയായ വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഇന്നലെ തുടര്‍ച്ചയായ ആറാം ദിവസവും വില താഴുന്നതാണ് ദൃശ്യമായത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 67 ഡോളറില്‍ താഴെ എത്തി. നിലവില്‍ 67 ഡോളറില്‍ താഴെയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില 67 ഡോളറില്‍ താഴെ എത്തിയത്.

ലോകവ്യാപകമായി കൊറോണ കേസുകള്‍ ഉയരുന്നതാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വിലയെ സ്വാധീനിക്കുന്നത്. ഇന്ധന ആവശ്യകത കുറയുമോ എന്ന ഭയമാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഇതിന് പുറമേ അമേരിക്കന്‍ എണ്ണയുടെ സ്റ്റോക്ക് വര്‍ധിച്ചതും ബ്രെന്‍ഡ് ക്രൂഡിന് വില്‍പ്പന സമ്മര്‍ദ്ദം നേരിടാന്‍ ഇടയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ നൂറ് രൂപയില്‍ കൂടുതലാണ് വില. കഴിഞ്ഞ രണ്ടുദിവസമായി ഡീസല്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ ഒരു മാസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല.