തമിഴ്നാട്ടിൽ എംഎല്‍എമാര്‍ക്കുള്ള സൗജന്യ ഭക്ഷണവും സമ്മാനങ്ങളും നിര്‍ത്തി സര്‍ക്കാര്‍ ; നിയമസഭയില്‍ വേണ്ടത് ലാളിത്യമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: ബജറ്റ് സമ്മേളനകാലത്ത് എംഎല്‍എമാര്‍ക്ക് നല്‍കുന്ന അധിക സൗകര്യങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് തമിഴ് നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍. ബജറ്റ് സമ്മേളന കാലത്ത് സമ്മാനപ്പൊതികള്‍ നല്‍കുന്നത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സഭാസമ്മേളന കാലത്ത് നല്‍കിയിരുന്ന വിഭവസമൃദ്ധമായ ഭക്ഷണവും നിര്‍ത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഭ ചേരുമ്പോള്‍ എംഎല്‍എമാര്‍ ഭക്ഷണം സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുകയോ നിയമസഭാ പാന്‍ട്രിയില്‍ പോയി കഴിക്കുകയോ ചെയ്യണം.

വിവിധ വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും മുഖ്യമന്ത്രി എ കെ സ്റ്റാലിന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പതിറ്റാണ്ടുകളായി ബജറ്റ് സമ്മേളന കാലത്ത് ഓരോ വകുപ്പുകളാണ് എംഎല്‍എമാര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. എംഎല്‍എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസിനും നിയമസഭ- സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുമെല്ലാം ഭക്ഷണം നല്‍കിയിരുന്നു.

പ്രതിദിനം 1000 പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് വിളമ്പിയിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി പ്രതിദിനം വകുപ്പുകള്‍ ചെലവിട്ടിരുന്നു.

ബജറ്റ് സമ്മേളന കാലത്ത് വിലകൂടിയ സ്യൂട്ട്‌കേസുകള്‍, ട്രോളി ബാഗുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വന ഉത്പന്നങ്ങള്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങളുമായാണ് എംഎല്‍എമാര്‍ കഴിഞ്ഞ് തിരിച്ചു പോകാറുണ്ടായിരുന്നത്.

എഐഎഡിഎംകെ ഭരണകാലത്ത് ഈ ധൂര്‍ത്ത് വര്‍ദ്ധിച്ചു. വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് വിവിധ വകുപ്പുകള്‍ അഭിമാനപ്രശ്‌നമായി എടുത്തു. ഈ ധൂര്‍ത്ത് അവസാനിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം.

നിയമനിര്‍മ്മാണത്തിനും ഉയര്‍ന്ന നിലവാരമുള്ള സംവാദത്തിനുമുള്ള വേദിയാണ് നിയമസഭ. അവിടെ ലാളിത്യമാണ് വേണ്ടത്. സമ്മാനപ്പൊതികളും ആഡംബര സദ്യയും മറ്റും സഭയുടെ അന്തസ്സ് കുറയ്ക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.