ഡെറാഡൂൺ : രണ്ട് തലയുള്ള അപൂർവ്വ ഇനം മൂർഖൻ പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലുള്ള കാൽസി വനത്തിന് സമീപത്താണ് സംഭവം. ഒന്നരയടി നീളമുള്ള പാമ്പിനെയാണ് പിടിച്ചത്.
വികാസ് നഗറിലെ വ്യവസായ സ്ഥാപനങ്ങളുടെ സമീപത്ത് വെച്ചാണ് അപൂർവ ഇനം മൂർഖനെ കണ്ടെത്തിയത്. നാട്ടുകാരാണ് ഇക്കാര്യം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. തുടർന്ന് ഡിഎഫ്ഒയുടെ നിർദ്ദേശം പ്രകാരം ആദിൽ മിശ്ര എന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി. എന്നാൽ 15 വർഷമായി പാമ്പിനെ പിടിക്കുന്ന താൻ ഇത്തരത്തിലൊരു പാമ്പിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിന്നും പിടിച്ച പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയിലാക്കിയിരിക്കുകയാണ്. മൂർഖൻ പാമ്പിനെ വെറ്റിനറി ഡോക്ടർമാർ ചികിത്സിക്കുകയാണെന്നും അതിന് ശേഷം കാട്ടിൽ വിടണമോ എന്ന് തീരുമാനിക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.