ന്യൂഡെല്‍ഹി: സമൂഹ മാധ്യമമായ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയില്‍ ട്വിറ്റര്‍ ഇടപെടുകയാണെന്നു രാഹുല്‍ ആരോപിച്ചു. ട്വിറ്റര്‍ നടത്തിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ട്വിറ്ററിന്റെ നടപടി രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും, പാര്‍ട്ടിയിലെ പല നേതാക്കളുടേയും അക്കൗണ്ടുകളും ലോക്ക് ചെയ്ത നടപടിക്കു പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. ‘രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്റര്‍ നടപടി അംഗീകരിക്കാനാകില്ല. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അപകടകരമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെയുള്ള ആക്രമണമല്ല നടക്കുന്നത്, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്.”- രാഹുല്‍ പറഞ്ഞു.
ഇത് തികച്ചും അനീതായാണെന്നും ട്വിറ്റര്‍ ഒരു നിഷ്പക്ഷ പ്ലാറ്റ്ഫോമാണ് എന്ന ആശയം ലംഘിക്കുയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ ഏറെ അപകടം നിറഞ്ഞ കാര്യമാണ്. കേന്ദ്രസര്‍ക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിര്‍വചിക്കാന്‍ അവരെ അനുവദിക്കണോ അതോ നമ്മുടെ രാഷ്ട്രീയം നമ്മള് തന്നെ നിര്‍വചിക്കണോ എന്നതാണ് ശരിയായ ചോദ്യം.
പാര്‍ലമെന്റില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റര്‍ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരിച്ചടി നേരിടേണ്ടി വരും. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. ഡെല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലികയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ഇതിന് കാരണമായി ട്വിറ്റര്‍ ചൂണ്ടികാട്ടിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുണ്ടായി എന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം.