പാര്‍ലമെന്റിനുള്ളില്‍ പുറത്ത് നിന്നുള്ളവർ എത്തി എംപിമാരെ കൈയ്യേറ്റം ചെയ്തതായി പ്രതിപക്ഷം

ന്യൂഡെല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ പുറത്ത് നിന്നുള്ള ആളുകള്‍ എത്തി എംപിമാരെ കൈയ്യേറ്റം ചെയ്തതായി പ്രതിപക്ഷ പാര്‍ട്ടികള്‍. സുരക്ഷാ ചുമതലയുള്ള ഉദ്യോസ്ഥരല്ലാതെ പുറത്തു നിന്നുള്ളവര്‍ എത്തി വനിതാ എംപിമാരടക്കമുള്ള അംഗങ്ങളെയും പ്രതിപക്ഷ നേതാക്കളെയും കൈയ്യേറ്റം ചെയ്തതായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.ആദ്യമായാണ് രാജ്യസഭയില്‍ എംപിമാരെ കൈയ്യേറ്റം ചെയ്യുകയും തള്ളുകയും ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

വിഷയത്തില്‍ ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിന് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷം കാര്‍ഷിക നിയമങ്ങള്‍, പെഗാസസ്, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം പിമാരും വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന നേതാവ് സഞ്ജയ് റാവത്തും ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ നേതാക്കളും ഇന്നത്തെ സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുത്തു.

‘പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇവിടെയെത്തേണ്ടി വന്നു …. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്,’ പ്രതിഷേധ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘രാജ്യസഭയില്‍ ആദ്യമായാണ് … ജനപ്രതിനിധികളെ മര്‍ദ്ദിച്ചത്, തള്ളിമാറ്റിയത്. ചെയര്‍മാന്‍ അസ്വസ്ഥനാണെന്ന് പറയുന്നു … സ്പീക്കറും അങ്ങനെയാണ്.

എന്നാല്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സെഷന്‍ അവസാനിച്ചിരിക്കുന്നുവെന്നും എന്നാല്‍ 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. എംപിമാര്‍ക്ക് നേരെ നടന്ന കൈയേറ്റം ജനാധിപത്യത്തിന് നേരെയുള്ളതാണെന്നും ഈ നില്‍പ്പ് പാകിസ്താന്‍ ബോര്‍ഡറില്‍ നില്‍ക്കുന്നത് പോലെ തോന്നിപ്പിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ട് വസ്തുതകള്‍ പരിശോധിക്കാമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇതിനിടെ പാര്‍ലമെന്റ് നിശ്ചയിച്ചതിന് രണ്ട് ദിവസം മുമ്പ് അവസാനിപ്പിക്കാന്‍ കാരണമായ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അരങ്ങേറിയതില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്നും പാര്‍ലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്തവര്‍ കഴിഞ്ഞ ദിവസം എംപിമാരെ കൈയ്യേറ്റം ചെയ്തെന്നതടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് വിശദീകരണവുമായി ഏഴ് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി.