തിരികെ നാട്ടിലെത്തേണ്ട പ്രവാസികളുടെ രജിസ്‌ട്രേഷന്‍ വൈകുന്നു ; സാങ്കേതിക തടസ്സമെന്ന് അധികൃതർ

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടയിൽ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നു. രജിസ്‌ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്നലെ അര്‍ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. രാവിലെ ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വന്നു.

ഉച്ചയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ഇനിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. പിന്നീട് സാങ്കേതിക തടസ്സങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ വൈകുന്നേരത്തോടെ മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി കെടി ജലീല്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ പരിശോധന നടക്കുന്നത് കൊണ്ടാണ് കാലതാമസം നേരിടുന്നെതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിരവധി പേര്‍ ഒരേസമയം കൂട്ടമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ഇത് പരിഹരിക്കുന്നതിനും പഴുതുകള്‍ അടച്ചുകൊണ്ടുള്ള വെബ്സൈറ്റ് ക്രമീകരണത്തിനും വേണ്ടിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.