ന്യൂഡെല്‍ഹി: ഒരു മുസ്ലിം രോഗി ഗുരുതരാവസ്ഥയിലാണെങ്കില്‍, ഒരു ഹിന്ദുവിന്റെ പ്ലാസ്മയ്ക്ക് അവനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. കൊറോണ വൈറസ് ആര്‍ക്കും ബാധിക്കാം. കൊറോണ വൈറസ് രോഗം ഭേദമായവര്‍ മതം പരിഗണിക്കാതെ പ്ലാസ്മ നല്കാന് മുന്നോട്ടുവരണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
പ്ലാസ്മ ദാനം ചെയ്യാന്‍ രോഗം ഭേദമായ എല്ലാവരും മുന്നോട്ടുവരണം. കൊറോണ വൈറസ് പ്രതിസന്ധിയെ അതിജീവിക്കാന്‍ നാമെല്ലാം ആഗ്രഹിക്കുന്നു. നാളെ, ഹിന്ദുവായ രോഗി ഗുരുതരാവസ്ഥയിലാണെങ്കില്‍, ഒരു മുസ്ലിം വ്യക്തിയുടെ പ്ലാസ്മയ്ക്ക് അവനെ രക്ഷിക്കാന്‍ കഴിയുമോയെന്ന് ആര്‍ക്കറിയാം.
ഹിന്ദു ആയാലും മുസ്ലിമായാലും ആര്‍ക്കും കൊറോണ വൈറസ് രോഗം പിടിപെടാമെന്നും കേജരിവാള്‍ പറഞ്ഞു. മതത്തിന് അനുസരിച്ച് രക്തത്തിലെ പ്ലാസ്മയ്ക്കു വേര്‍തിരിവ് ഉണ്ടാകില്ല. ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് മുസ്ലിമിനെയും തിരിച്ചും രക്ഷിക്കാനാവുമെന്നും കേജരിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ കൊറോണ രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേജരിവാളിൻ്റെ അഭ്യർഥന. ഡെല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയത്.