രാജ്യം വാഴ്ത്തിയ സിവില്‍ സര്‍വീസ് ചരിത്രത്തിലെ ഐഎഎസ് ടോപ് റാങ്കിലുള്ള ദമ്പതികൾ പിരിഞ്ഞു

ജയ്പൂര്‍: രാജ്യം വാഴ്ത്തിയ ഒരു സംഭവമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസ് ചരിത്രത്തിലെ ഐഎഎസ് ടോപ് റാങ്കിലുള്ള രണ്ട് പേരുടെ വിവാഹം. 2015 ഐഎഎസ് ബാച്ചിലെ ഒന്നാം റാങ്കുകാരി ടിന ദാബിയും രണ്ടാം റാങ്കുകാരന്‍ അത്തര്‍ ഖാനുമാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായത്. ദേശീയ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ആ വിവാഹ ബന്ധം ഇന്ന് വേർപിരിഞ്ഞു. ഇരുവരുടെയും ഡൈവോഴ്‌സ് പെറ്റിഷന്‍ ജയ്പൂര്‍ കൂടുംബ കോടതി അംഗീകരിച്ചു. വിവാഹ മോചനം ശരിവെക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവ ബഹുലമായ വിവാഹത്തിന്റെ രണ്ടാം വര്‍ഷത്തിലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയില്‍ നിന്നുമാണ് ഇരുവരുടെയും പ്രണയത്തുടക്കം. ഐഎഎസ് ടോപ്പേഴ്‌സ് ആയിരുന്നതിനാല്‍ തന്നെ ദേശീയ തലത്തില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടു.

ഡെല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ടിന ദാബി തന്റെ ആദ്യ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യമായി ഒന്നാം റാങ്ക് നേടുന്ന വ്യക്തി കൂടിയാണ് ടിന. ശ്രീനഗറില്‍ ട്രെയിനിംഗ് കാലത്താണ് ഇരുവരും പരിചയപ്പെടുന്നതും, വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും.

2018 മാര്‍ച്ചില്‍ ആയിരുന്നു വിവാഹം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അന്നത്തെ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇരു മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഇവരുടെ വിവാഹത്തിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.