ജഡ്ജിമാര്‍ക്ക് എതിരായ ഭീഷണി; അന്വേഷണ ഏജന്‍സികള്‍ പ്രതികരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡെല്‍ഹി: ജഡ്ജിമാര്‍ തങ്ങള്‍ക്കെതിരായ ഭീഷണികളെക്കുറിച്ച് പരാതിപ്പെടുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികരിക്കുന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. സിബിഐയും മറ്റ് അന്വേഷണ ഏജന്‍സികളും ഭീഷണി സംബന്ധിച്ച പരാതികള്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നാണ് ചീഫ് ജസ്റ്റീസ് എന്‍ വി രമണ വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സിബിഐക്കെതിരെ സുപ്രിം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

സിബിഐ അവരുടെ സമീപനം ഇതുവരെ മാറ്റിയിട്ടില്ല. ജഡ്ജിമാര്‍ പരാതിനല്‍കുമ്പോള്‍ അതില്‍ പ്രതികരിക്കാന്‍ സിബിഐയും ഇന്റലിജന്‍സ് ബ്യൂറോയും തയ്യാറാവുന്നില്ല. അന്വേഷണ ഏജന്‍സികള്‍ അവരെ സഹായിക്കാനായി മുന്നോട്ട് വരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കുറ്റപ്പെടുത്തി.

ഉത്തരവാദിത്ത ബോധത്തോടെയാണ് താന്‍ ഈ പ്രസ്താവന നടത്തുന്നതെന്ന് പറഞ്ഞ് ചീഫ് ജസ്റ്റീസ് കേസുമായി ബന്ധപ്പെട്ട് സിബിഐക്ക് നോട്ടിസ് അയക്കുകയും ചെയ്തു. ജഡ്ജിയുടെ കൊലപാതക കേസ് സിബിഐക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാറിനേയും കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നിന്നും കൈ കഴുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.