എമു പക്ഷിഫാമിൻ്റെ പേരിൽ കോടികൾ പിരിച്ച് നിക്ഷേപകരെ വഞ്ചിച്ചു; നേതാവടക്കം മൂന്നുപേർക്ക് പത്തുവർഷം തടവ് ശിക്ഷ

കോയമ്പത്തൂർ: എമു പക്ഷിഫാമിൻ്റെ പേരിൽ കോടികൾ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ധീരൻ ചിന്നമല പേരവൈ സംസ്ഥാനനേതാവടക്കം മൂന്നുപേർക്ക് പത്തുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു. കോയമ്പത്തൂർ തമിഴ്നാട് പ്രൊട്ടക്‌ഷൻ ഓഫ് ഇൻട്രസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്.

നാമക്കൽ ആസ്ഥാനമാക്കി സുധി എമു ഫാംസ്, സുധി ഫാംസ് ആൻഡ് ഹാച്ചറിസ്, സുധി എമു ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപകരിൽനിന്ന്‌ കോടികൾ പിരിച്ചെടുത്ത് വഞ്ചിച്ചതായി 2012-ൽ നൽകിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്. ധീരൻ ചിന്നമല പേരവൈ സംസ്ഥാന പ്രസിഡന്റ്‌ സേലം ശങ്കഗിരി സ്വദേശി എസ്. യുവരാജ്, ഈറോഡ് സൂരംപട്ടി ഇ. വാസു, പെരുന്തുറ എസ്. തമിഴ്‌നേശൻ എന്നിവരെയാണ് 10 വർഷത്തെ തടവും 2.45 കോടിരൂപ പിഴയും വിധിച്ചത്.

നിക്ഷേപകർ ഒന്നരലക്ഷം രൂപ മുടക്കിയാൽ ആറ്‌ എമു പക്ഷിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും ലഭിക്കും. കൂടാതെ പ്രതിമാസം 7,000 രൂപയും വർഷാവസാനം 20,000 രൂപയും. രണ്ടുവർഷം കഴിഞ്ഞാൽ മുടക്കിയതുകയും തിരിച്ചുകിട്ടുെമന്നും വിശ്വസിപ്പിച്ച് പദ്ധതിയിൽച്ചേർത്ത 121 പേരാണ് ഇവർക്കെതിരേ പരാതി നൽകിയത്.

ഇവരിൽനിന്ന് 10 ലക്ഷം രൂപയുടെ രണ്ട് വാഹനങ്ങളും 58 എമു പക്ഷിക്കുഞ്ഞുങ്ങളെയും പിടിച്ചെടുത്തിരുന്നു. വിവാദമായ നാമക്കൽ ഗോകുൽരാജ് ദുരഭിമാനക്കൊലയിലെ പ്രതികൂടിയാണ്, നിലവിൽ ജയിലിൽ കഴിയുകയാണ് യുവരാജ്.