ന്യൂഡെൽഹി: മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗുരുതരമാണെന്ന് സുപ്രീംകോടതി. പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഉൾപ്പെടെ ഫോൺ ചോർത്തിയെന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു
സുപ്രീംകോടതി.
കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേ സമയം കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
റിപ്പോര്‍ട്ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോര്‍ത്തല്‍ നടന്നെങ്കില്‍ ക്രിമിനല്‍ കേസ് എന്ത് കൊണ്ട് നല്‍കിയില്ലെന്നും കോടതി ചോദിച്ചു. എന്‍എസ്ഒ പെഗാസസ് ചാരസോഫ്റ്റ്വെയര് വില്‍ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണെന്ന് എന്‍ റാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.
പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു കപില്‍ സിബലിൻ്റെ മറുപടി. ഒരു റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്നും സിബല്‍ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രണ്ട് ദിവസം മുമ്പ് സമർപ്പിച്ച ഹർജിയിൽ സ്പൈവെയർ കരാറിനെ കുറിച്ചും ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയെ കുറിച്ചും സർക്കാരിൽ നിന്ന് വിശദാംശങ്ങൾ തേടാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. നേരത്തെ, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരും വിഷയത്തിൽ അന്വേഷണം അവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തണം എന്നായിരുന്നു ഇവർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
ഇതേ കേസിൽ രണ്ട് ഹർജികൾ കൂടി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യസഭാഗം ജോൺ ബ്രിട്ടാസും അഡ്വക്കേറ്റ് എംഎൽ ശർമ്മയുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത സമർപ്പിച്ച പ്രത്യേക ഹർജിയും സുപ്രീംകോടതി പരിഗണിക്കും.
പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. റിട്ടയേർഡ് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയും റിട്ടയേർഡ് സുപ്രീംകോടതി ജസ്റ്റിസ് എം ബി ലോകുറും ഉൾപ്പെടുന്നതാണ് കമ്മീഷൻ.