ന്യൂഡെല്‍ഹി: ഹിമാചല്‍ പ്രദേശിലെ ചില ഭാഗങ്ങളില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. ഏഴുപേരെ കാണാതായി. സംസ്ഥാനത്തെ ലാഹൗള്‍, സ്പിതി ജില്ലകളിലായി ഏഴ് പേരും ചമ്പയില്‍ രണ്ട് പേരും മരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
കുളു ജില്ലയില്‍ ഡെല്‍ഹിയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഉള്‍പ്പടെ നാലുപേരെ കാണാതായി. ലാഹൗള്‍, സ്പിതി ജില്ലകളില്‍ നിന്നാണ് മറ്റുള്ളവരെ കാണാതായത്. മണ്ണിനടിയില്‍ കുടുങ്ങിയെന്ന് കരുതുന്ന ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഭാഗാ നദിയുടെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.
പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. മനാലി-ലേ ഹൈവേയിലും ഗ്രാംഫു-കാസ ഹൈവേയിലും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കും. മേഘ വിസ്ഫോടനമാണ് പെട്ടെന്നുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയതെന്നാണ് കരുതുന്നത്.