കൊച്ചി: വ്യാജരേഖകളുണ്ടാക്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ അഫ്ഗാന് പൗരനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. അഫ്ഗാന് പൗരന് ഈദ്ഗുല്ലിനെ കേരള പൊലീസ്, എന്‍ഐഎ, ഐബി ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ചോദ്യം ചെയ്യുന്നത്. എന്തിനാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും വ്യാജ പൗരത്വരേഖ ചമച്ച് കൊച്ചിയിലെ കപ്പല്‍ ശാലയില്‍ ജോലിക്ക് കയറിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
രാജ്യത്ത് കൂടുതല്‍ അഫ്ഗാന് പൗരന്മാര് എത്തിയിട്ടുണ്ടോ എന്നറിയാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇയാൾക്കൊപ്പം കപ്പൽശാലയിൽ ജോലി ചെയ്ത മൂന്നു ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര അന്വേഷണ സംഘം.
ഈദ്ഗുല്ലിന്റെ അമ്മയുടെ വീട് അസമിലാണ്. അമ്മയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഈദ്ഗുല്‍ നിര്‍മ്മിച്ചത്. ഈദ്ഗുല്ലിന്റെ ബന്ധു തന്നെയാണ് ഇയാളെപ്പറ്റിയുള്ള വിവരം കപ്പല്‍ശാല അധികൃതരെ അറിയിച്ചത്. ഇരുവരും വഴക്കുകൂടിയപ്പോഴാണ് ബന്ധു ഈദ്ഗുല്ലിനെ ഒറ്റിക്കൊടുത്തത്. എന്നാല്‍ ഈദ്ഗുല്ലിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞയുടന്‍ ഇദ്ദേഹം കൊല്‍ക്കത്തയിലേക്ക് മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
തനിക്കു സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ഈദ് ഗുൽ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. അതേസമയം ചോദ്യം ചെയ്യലിൽനിന്ന് ഒഴിഞ്ഞു മാറാൻ രോഗം അഭിനയിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇയാൾ ഇന്ത്യയിലെത്തിയത് എന്തിനാണ്, വ്യാജ പൗരത്വ രേഖയുണ്ടാക്കിയതും കപ്പൽശാലയിൽ ജോലിക്കു കയറിയതും എന്തുദ്ദേശ്യത്തിലാണ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ഇയാൾ ചോർത്തിയിട്ടുണ്ടോ എന്നതും അറിയേണ്ടതുണ്ട്. ഈദ് ഗുൽ വിക്രാന്തിൽ ജോലി ചെയ്തിട്ടില്ലെന്നാണ് കപ്പൽശാലാ അധികൃതർ പറയുന്നത്. എങ്കിലും കപ്പൽ നിർമിക്കുന്നതിന്റെ പരിസരത്തു ജോലി ചെയ്തിട്ടുണ്ട്.
കപ്പലിന്റെ തറയിൽ വിരിക്കാനുള്ള ഷീറ്റ് മുറിക്കുന്നത് അടക്കമുള്ള ജോലികളാണ് ഇയാൾ ചെയ്തിരുന്നതെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ എപ്പോഴെങ്കിലും ഇയാൾ കപ്പലിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് ചോദ്യം ചെയ്താൽ മാത്രമേ അറിയാനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
ഈദ്ഗുല്ലിന്റെ പിതാവ് അഫ്ഗാൻകാരനും മാതാവ് അസം സ്വദേശിയുമാണെന്നാണ് വിവരം. 2018 ഡിസംബറിൽ ചികിത്സാ വീസയിൽ പിതാവിന്റെ ബന്ധുക്കൾക്കൊപ്പമാണ് ഇന്ത്യയിലെത്തിയത്. കപ്പൽശാലയിൽ ജോലി ചെയ്യുന്ന അമ്മാവനൊപ്പം കൊച്ചിയിലെത്തിയ ഇയാൾ അസമിലെ അമ്മവീടിന്റെ മേൽവിലാസമുപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് കപ്പൽശാലയിൽ ജോലിക്കു കയറിയതെന്നും ആദ്യഘട്ട അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.
ഈദ് ഗുൽ അഫ്ഗാൻ സ്വദേശിയാണെന്ന് ബന്ധു കപ്പൽശാല അധികൃതരെ അറിയിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണത്തെപ്പറ്റി സൂചന കിട്ടിയ ഇയാൾ കൊൽക്കത്തയിലേക്കു കടക്കുകയായിരുന്നു. നേരത്തേ വിളിച്ച ഫോണിന്റെ വിവരങ്ങൾ വച്ച് എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊൽക്കത്തയിൽനിന്ന് ഈദ് ഗുലിനെ അറസ്റ്റു ചെയ്തത്.