ന്യൂഡെൽഹി: ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡെൽഹിയിൽ. ബംഗാളിൽ മൂന്നാംവട്ടവും മമതയെ മുഖ്യമന്ത്രിയാക്കിയ വിജയത്തിനു ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ദിവസങ്ങൾക്കു മുമ്പ് സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മമതയുടെ ഡെൽഹി സന്ദർശനം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. മമത നാളെ പ്രതിപക്ഷ നേതാക്കളായ സോണിയ, ശരദ് പവാർ എന്നിവരെ കാണും. രാഷ്ട്രപതിയെ കാണാനും മമത അനുമതി തേടിയിട്ടുണ്ട്. പാർലെമെന്റ് സെൻട്രൽ ഹാൾ സന്ദർശനവും അജണ്ടയിലുണ്ട്.
അതേസമയം മമത ബാനർജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച. സംസ്ഥാന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തുടങ്ങിയ പോർവിളി പെഗാസെസ് ചോർച്ചയിലെത്തി നിൽക്കെയാണ് മമത മോദിയെ കാണുന്നത്.