ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. അവന്തിപോറയിലെ ത്രാലിലാണ് സംഭവം.

ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ ഭീകരര്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി.

അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് അഗ്നിക്കിരയാക്കിയ പ്രദേശത്താണ് ഇന്ന് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച്‌ ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികര്‍ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജാവേദ് മാലിക്കിനെയും കൊലപ്പെടുത്തിയത്.