ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിയുടെ പ്രസ്താവന പിടിച്ചുവാങ്ങി വലിച്ചുകീറിയതിനെ തുടര്‍ന്ന് തൃണമൂല്‍ എംപിക്ക് സസ്പെന്ഷന്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇന്നലെ രാജ്യസഭയില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പിടിച്ചുവാങ്ങി കീറിയതിനാണ് സസ്പെന്ഷന്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശന്തനു പ്രസ്താവന പിടിച്ചുവാങ്ങി കീറിയത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അശ്വിനി പറഞ്ഞത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി വൈഷ്ണവ് ഉള്‍പ്പെട്ടിരുന്നു. പെഗാസസ് സംബന്ധിച്ച റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചിരുന്നു.
ശന്തനുവിനെതിരെ സസ്പെന്ഷന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് പ്രമേയം സമര്‍പ്പിക്കുകയും തുടര്‍ന്ന് ശബ്ദ വോട്ടെടുപ്പിലൂടെ ഇത് പാസാക്കുകയും ചെയ്തു. എന്നാല്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു.പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് വയര്‍ പറഞ്ഞു. ഇന്ത്യയില്‍ 128 ഓളം ആളുകളുടെ ഫോണ്‍ ചോര്ത്തപ്പെട്ടതായിയാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.