ദില്ലി: വെറും അഞ്ച് നിമിഷത്തിനുള്ളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന സോഫ്റ്റ് വെയർ കണ്ടെത്തിയെന്ന അവകാശവാദവുമായി ഐഐടി പ്രൊഫസര്‍. എക്സ് റേ സ്കാനിംഗ് ഉപയോഗിച്ചാണ് വൈറസിന്റെ സാന്നിധ്യം സോഫ്റ്റ് വെയർ കണ്ടെത്തുന്നത് എന്നാണ് ഉത്തരാഖണ്ഡിലെ ഐഐടി റൂര്‍ഖിയിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രൊഫസറായ കമാല്‍ ജെയിന് അവകാശപ്പെടുന്നത്. അറുപതിനായിരം എക്സ് റേ സ്കാനുകളുടെ ഡാറ്റാ ബേസ് പരിശോധിച്ച ശേഷമാണ് തന്റെ സോഫ്റ്റ് വെയർ കണ്ടെത്തല്‍ എന്ന് പ്രൊഫസര്‍ കമാല്‍ പറയുന്നു.
ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍)സോഫ്റ്റ് വെയർ പേറ്റന്റിന് വേണ്ടി സമീപിച്ചിരിക്കുകയാണ് പ്രൊഫസര്‍. നാല്പത് ദിവസമാണ് സോഫ്റ്റ് വെയർ നിര്‍മ്മിക്കാനായി എടുത്തതെന്ന് കമാല്‍ ജെയിന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ കമാല്‍ ജെയിനിന്റെ അവകാശവാദങ്ങള്‍ ആരോഗ്യ വകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല. തന്റെ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള സ്ക്രീനിംഗ് നടത്തിയാല്‍ ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൈറസ് വ്യാപനം കുറയുമെന്നും കുറഞ്ഞ ചിലവില്‍ ടെസ്റ്റ് നടത്താനാകുമെന്നുമാണ് കമാല്‍ ജെയിന് അവകാശപ്പെടുന്നത്.