മുംബൈ: സൗജന്യ എടിഎം ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിന് റിസർവ് ബാങ്കിൻ്റെ അനുമതി. ഇതോടെ എടിഎം സേവനങ്ങൾക്ക് ഇനി ചിലവേറും.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ, ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്ന് റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ പറയുന്നു.
ഏഴുവർഷത്തിന് ശേഷമാണ് എടിഎം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസർവ് ബാങ്കിന്‍റെ അഭിപ്രായം.
നിലവിൽ ഉപഭോക്താക്കൾക്ക് ബാങ്ക് എ.ടി.എമ്മിൽനിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപ വരെ ബാങ്കിന് ഈടാക്കാം.
മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.