ന്യൂഡെല്‍ഹി: കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്സീന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷന്‍ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ഡെല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.
12 മുതല്‍ 17 വയസ്സുവരെയുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം എന്നാവിശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.