മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യമായ മഹാ വികാസ് അഘാഡിയിലെ ഭിന്നതകൾ മറനീക്കി പുറത്തു വരുന്നതിനിടെ എൻ സി പി ക്കെതിരേ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ നാന പഠോളെ. 2014ൽ കോണ്‍ഗ്രസ് ചതിക്കപ്പെട്ടെന്നും ഇതു മനസിൽകണ്ടാണു കോണ്‍ഗ്രസ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും പഠോളെ പറഞ്ഞു.
എൻസിപിയെയോ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ മഹാ വികാസ് അഘാഡി സർക്കാരിനെയോ ലക്ഷ്യമിട്ടല്ല തന്റെ വിമർശനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള എൻസിപിയുടെ തീരുമാനത്തെ അദ്ദേഹം പരാമർശിച്ചു. എൻസിയുടെ ഈ തീരുമാനം 122 സീറ്റ് നേടി ബിജെപി അധികാരത്തിലെത്താൻ കാരണമായെന്നാണു കോണ്‍ഗ്രസിൽ ഒരു വിഭാഗം വിശ്വസിക്കുന്നത്.
2014ൽ എൻസിപി ബിജെപി സർക്കാരിനു പുറമേനിന്നുള്ള പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ശിവസനേയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന സൂചനയായും പഠോളെയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു.