കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന സംഘം പിടിയിൽ

ഹൈദരാബാദ്: ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പോലീസ്. രണ്ടു കേന്ദ്രങ്ങളിൽ നിന്നായി 20 കുട്ടികളെ പോലീസ് രക്ഷപെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന കേന്ദ്രമാണ് പോലീസ് കണ്ടെത്തിയത്.

ഓപ്പറേഷൻ മുസ്‌കാൻ എന്ന പേരിലാണ് കുട്ടികളെ കണ്ടെത്താനുള്ള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേരെ പിടികൂടി എന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. മനുഷ്യക്കടത്ത് തടയാൻ പ്രത്യേകമായി രൂപീകരിച്ച സ്‌ക്വാഡാണ് കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്. ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റും മൽകാജ്ഗിരി ഡിവിഷൻ ഓപ്പറേഷൻ മുസ്‌കാൻ വിംഗും ചേർന്നാണ് റെയ്ഡ് നടത്തിയത്.

കൃഷ്ണ എന്ന മരുന്നുനിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ദേവേന്ദർ നഗർ കോളനിയിൽ നിന്നും മഹേശ്വരം മേഖലയിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നാലുപേർ പെൺകുട്ടികളായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് രണ്ടിടങ്ങളിൽ നിന്നായി കണ്ടെത്തിയത്.