ന്യൂഡെല്‍ഹി: അക്കൗണ്ടിന്റെ പേരില്‍ മാറ്റം വരുത്തിയതിനാലാണ് ബ്ലൂ ടിക്ക് നഷ്ടമായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ബ്ലൂ ടിക്ക് തിരികെ ലഭിച്ചു. ഇന്ന് രാവിലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്.
രാജീവ് ചന്ദ്രശേഖര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പേര് രാജീവ് എംപിയില്‍ നിന്ന് രാജീവ് ജിഒഐയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലൂ ടിക്ക് നഷ്ടപ്പെട്ടത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് തന്റെ അക്കൗണ്ടിന്റെ പേരില്‍ മാറ്റം വരുത്തിയാല്‍ ബ്ലൂ ടിക്ക് സ്വാഭാവികമായും നഷ്ടമാകുമെന്ന് ട്വിറ്ററിന്റെ വെരിഫിക്കേഷന് പോളിസിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് ആറു മാസം ഉപയോഗിക്കാതിരുന്നാലും വെരിഫിക്കേഷന് നഷ്ടമാകും.
അതേസമയം, ട്വിറ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഐടി മന്ത്രാലയം ഒരിക്കലും ഏകപക്ഷീയമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ട്വിറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വ്യക്തിപരമായ കാഴ്ചപ്പാടുകളോ അഭിപ്രായങ്ങളോ ഇല്ലാതെ അഭിസംബോധന ചെയ്യുമെന്നും രാജീവ് അറിയിച്ചിരുന്നു.