ലക്നൗ: ഭീകരാക്രമണത്തിന് എതിരേ ഉത്തർപ്രദേശിൽ ജാഗ്രതാ നിര്‍ദ്ദേശം നല്കി അധികൃതര്‍. ഭീകരരുടെ ഒളിത്താവളങ്ങള്‍ യു.പി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയതിനു പിന്നാലെയാണ് നിർദേശം. ലക്നൗവിലെ കമ്മീഷണറേറ്റ് ഏരിയ ഉള്‍പ്പടെ ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അവ സജീവമായി പ്രവര്‍ത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി ഇവര്‍ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു പുറമെ ഗാര്ദോയ്, സീതാപൂര്‍, ബരബങ്കി, ഉന്നാവോ, റായ് ബറേലി ജില്ലകളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ഒരു വലിയ ഭീകര ശൃംഖല കണ്ടെത്തിയതായും അല്‍ഖ്വയ്ദയുടെ അന്‍സാര്‍ ഗസ്വത്ത്-ഉല്-ഹിന്ദുമായി ബന്ധമുളള രണ്ട് തീവ്രവാദികളെ എ.ടി.എസ് അറസ്റ്റ് ചെയ്തതായും എ.ഡി.ജി പ്രശാന്ത് കുമാര്‍ അറിയിച്ചു. തുടര്‍ച്ചയായി റെയ്ഡുകള്‍ നടക്കുന്നതിനാല്‍ ഭീകരര്‍ മറഞ്ഞിരിക്കാമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ലക്നൗവില്‍ യു.പി എ.ടി.എസ് രണ്ട് വിലാസങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തിയത്.
ഇവിടെ താമസിച്ചിരുന്ന ഏഴു പേരില്‍ അഞ്ചുപേര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ലക്നൗവിലും സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
റെയ്ഡില്‍ യു.പി എ.ടി.എസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സ്ഫോടക വസ്ഥുക്കളും വിദേശ പിസ്റ്റലുകളും രണ്ട് പ്രഷര്‍കുക്കര്‍ ബോംബുകളും കണ്ടെടുത്തു. ബോംബുകള്‍ ബോംബ് സ്ക്വാഡിന് കെെമാറി. ഇതുമായി ബന്ധപ്പെട്ട് മസീറുദ്ദീന്‍, മിന്‍ഹാജ് എന്നിവര്‍ പിടിയിലായതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പിടിയിലായ മിന്ഹാജിന്റെ പിതാവിന്റെ വീട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ എ.ടി.എസ് തിരച്ചില്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഭീകരര്‍ യു.പിയിലും ലക്നൗവിലും സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടതായും ഇവര്‍ക്ക് കാശ്മീരുമായി ബന്ധമുളളതായും എ.ടി.എസ് ഉദ്യോഗസ്ഥന് മാദ്ധ്യമങ്ങളോട് പറഞ്ഞു.