ശ്രീനഗർ: ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. തീവ്രവാദികൾക്ക് ഫണ്ടും സഹായവും നൽകിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് റെയ്ഡുകൾ നടക്കുന്നത്. കുറച്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എത്ര പേരെ കസ്റ്റഡിയിലെടുത്തു എന്ന വിവരങ്ങൾ ലഭ്യമല്ല.
ശനിയാഴ്ച, ജമ്മു കശ്മീർ ഭരണകൂടം11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. തീവ്രവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ചായിരുന്നു പിരിച്ചുവിടൽ. ഇതിൽ സുരക്ഷാസേന തിരയുന്ന തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീൻറെ രണ്ട് മക്കളുമുണ്ട്. ഇവർ പല തരത്തിലും, തീവ്രവാദികൾക്ക് സഹായം നൽകിയെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.
”തീവ്രവാദികൾക്ക് ഫണ്ട് നൽകിയവർ എങ്ങനെ പണം കണ്ടെത്തി, ശേഖരിച്ചു, പണം കൈമാറി എന്നതടക്കം വിശദമായ വിവരങ്ങൾ എൻഐഎയുടെ പക്കലുണ്ട്. എല്ലാം ഹവാല പണമിടപാടുകളായിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന് വേണ്ടിയുള്ള ധനശേഖരണമാണ് നടന്നത്”, എന്ന് എൻഐഎ വിശദീകരിക്കുന്നു. റെയ്ഡുകൾ ജമ്മു കശ്മീരിൽ ഇപ്പോഴും തുടരുകയാണ്.