ചെന്നൈ: തമിഴ്നാട് ഫിഷറീസ്-മൃഗ സംരക്ഷണ മന്ത്രി ആര് അനിത രാധാകൃഷ്ണനെ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത് കരക്കെത്തിച്ചത് വിവാദമാകുന്നു. കടല്‍ മണ്ണൊലിപ്പ് പരിശോധിച്ച് മടങ്ങവെ ചെരിപ്പുകള്‍ നനയാതിരിക്കാനായിരുന്നു മന്ത്രിയെ പൊക്കിയെടുത്ത് കരക്കെത്തിച്ചത്.
വ്യാഴാഴ്ച രാവിലെ തിരുവള്ളൂര്‍ ജില്ലയിലെ പളവര്കാട് പ്രദേശം സന്ദര്‍ശിക്കാനാണ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമെത്തിയത്. ഏഴ് യാത്രക്കാര്‍ മാത്രം കയറാന്ശേഷിയുള്ള ബോട്ടില്‍ മന്ത്രി ഉള്‍പ്പെടെ മുപ്പതോളം പേര് കയറിയതോടെ ചാഞ്ഞു. തുടര്‍ന്ന് കുറച്ചുപേരെ ഇറക്കിവിടുകയായിരുന്നു.
പിന്നീട് മടങ്ങിയെത്തിയ മന്ത്രിക്ക് ബോട്ടില്‍ നിന്നിറങ്ങാന്‍ പ്ലാസ്റ്റിക് കസേര വെച്ചു കൊടുത്തു.
വെള്ള കാന്‍വാസ് ഷൂവാണ് മന്ത്രി ധരിച്ചിരുന്നത്. കസേരയിലേക്ക് ഇറങ്ങിനിന്ന ഷൂ നനയുമെന്ന് ശങ്കിച്ചുനില്ക്കവെയാണ് മുട്ടളവ് വെള്ളത്തില്‍ നിന്നിരുന്ന മത്സ്യത്തൊഴിലാളി മന്ത്രിയെ പത്തടി ദുരം പൊക്കിയെടുത്ത് കരക്കെത്തിച്ചത്. മറ്റു ചിലര്‍ സഹായിക്കുന്നുണ്ടായിരുന്നു.
ഇതിൻ്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. താന്‍ വെള്ളത്തിലിറങ്ങാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിന് വഴങ്ങുകയായിരുന്നു വെന്നും മന്ത്രി പ്രതികരിച്ചു.