നിയമം റദ്ദാക്കിയിട്ട് ഏഴ് വര്‍ഷം; സെക്ഷന്‍ 66 എ പ്രകാരം 1307 ലേറെ കേസുകളെടുത്തു; അമ്പരപ്പിക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: റദ്ദാക്കിയ ശേഷവും അതേ നിയമത്തില്‍ കേസെടുക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രിം കോടതി. 2015ല്‍ റദ്ദാക്കിയ ഐ ടി ആക്ടിലെ വിവാദ നിയമമായ സെക്ഷന്‍ 66 എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നത് അമ്പരിപ്പിക്കുന്നതായി ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപപരമായ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അനുവദിക്കുന്നതാണ് ഐ ടി ആക്ടിലെ 66 എ.

ഇതുപ്രകാരം രാജ്യത്ത് ആയിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘ഇത് ഞെട്ടിക്കുന്നതാണ്. ഞങ്ങളിതില്‍ നോട്ടീസ് നല്‍കും. ഈ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്യധികം അപകടകരമാണ്,’ -ജസ്റ്റിസ് നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റദ്ദാക്കിയ നിയമത്തിലെ സെക്ഷന്‍ പ്രകാരം പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍ ജിഒ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെക്ഷന്‍ 66 എ റദ്ദാക്കിയ ശേഷവും 1307 ഓളം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

66 എ പ്രകാരമെടുത്ത 570 ഓളം കേസുകള്‍ ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അതില്‍ കൂടുതല്‍ കേസുകളും മഹാരാഷ്ട്രയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.2015 മാര്‍ച്ച് 24 നാണ് വിവാദമായ 66 എ സെക്ഷന്‍ ചരിത്ര പ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്.