മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ

ന്യൂഡെൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇന്ന് വൈകുന്നേരമാണ് അഭിജിത്ത് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപനമുണ്ടായത്.

കോൺഗ്രസിൻ്റെ ജംഗിപൂരിൽനിന്നുള്ള മുൻ എംപി കൂടിയായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചർച്ച നടത്തിവരികയായിരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. വിവാദമായ കൊൽക്കത്തയിലെ വ്യാജ വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട്​ മമത ബാനർജിക്ക്​ അഭിജിത് മുഖർജി ട്വിറ്ററിൽ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

“ഐ‌.എ.എസ് ഓഫിസർ ചമഞ്ഞ്​ ദെബഞ്ചൻ ദേബ് എന്നയാൾ നടത്തിയ വ്യാജ വാക്സിനേഷൻ ക്യാമ്പിന്റെ പേരിൽ മമത ദീദിയെ വ്യക്തിപരമായി കുറ്റപ്പെടുത്തണമെങ്കിൽ, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരുടെ എല്ലാ അഴിമതികൾക്കും മോദിയെ കുറ്റപ്പെടുത്തണം. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്​ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല” -അഭിജിത് മുഖർജി അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കൊൽക്കത്തയിൽ നടക്കുന്ന തൃണമൂൽ പരിപാടിയിൽ അഭിജിത്​ പാർട്ടിമാറ്റം പ്രഖ്യാപിക്കുമെന്നാണ്​ അറിയുന്നത്​. അതേസമയം, അഭിജിത്തിൻ്റെ സഹോദരി ശർമിഷ്ഠ മുഖർജി കോൺഗ്രസ്​ നേതൃത്വത്തിൽ സജീവമാണ്​. ഡെൽഹി ആസ്ഥാനമായാണ്​ ഇവരുടെ പ്രവർത്തനം.

മമത ബാനർജിയോടുള്ള അഭിജിത് മുഖർജിയുടെ അടുപ്പം പശ്ചിമ ബംഗാൾ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത രുക്ഷമാക്കിയിരുന്നു. കോൺഗ്രസ്​ സംസഥാന അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരിയും ഇക്കാര്യത്തിൽ എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, തൃണമൂൽ കോൺഗ്രസുമായി അടുക്കുന്നതിൻ്റെ ഭാഗമായി അധീറിനെ ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത്​ മാറ്റാൻ നീക്കം നടക്കുന്നുണ്ട്​.

ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരായ പ്രതിരോധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായി തൃണമൂൽ കോൺഗ്രസുമായി ബന്ധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. മമത ബാനർജിയുടെ കടുത്ത വിമർശകനായ അധീർ തുടരുമ്പോൾ സഖ്യത്തിന് തൃണമൂൽ തയ്യാറായേക്കില്ലെന്നാണ്​ കോൺഗ്രസ് വിലയിരുത്തൽ.