ശ്രീനഗർ: ജമ്മുകശ്മീരിൽ ഡ്രോൺ നിരോധനവുമായി ബന്ധപ്പെട്ട് ഭരണകൂടം മാർഗ്ഗരേഖ ഔദ്യോഗികമായി പുറത്തിറക്കി. ശ്രീനഗർ ജില്ലാ ഭരണകൂടമാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ജമ്മുകശ്മീർ മേഖലയിൽ പൗരന്മാർ ഡ്രോണുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമാണ് വിലക്കിയത്.
ഇനി മുതൽ സാധാരണ പൗരന്മാർക്ക് കൈവശം വയ്ക്കാൻ അനുവാദമില്ല. ഒപ്പം ഡ്രോൺ വിൽപ്പനയും നിരോധിച്ചു. ആർക്കും ഇനി ഡ്രോണുകളുമായി ജമ്മുകശ്മീരിൽ എത്താൻ സാധിക്കില്ല. വിനോദ ആവശ്യത്തിനോ അല്ലാതേയോ ഡ്രോൺ ഉപയോഗിക്കുന്നതോ, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതോ ആയ എല്ലാ കൈകാര്യം ചെയ്യലുകളും നിരോധിച്ചിരിക്കുകയാണ്.
ജമ്മുകശ്മീർ പ്രദേശങ്ങളുടെ രാജ്യസുരക്ഷാ പ്രാധാന്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്നും ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് അജാസ് അറിയിച്ചു. പൊതുപരിപാടികൾ, സാംസ്കാരിക പരിപാടികൾ, വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയിലൊന്നും ഡ്രോൺ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
എല്ലാത്തരം ആകാശമാർഗ്ഗേയുള്ള ഉപയോഗങ്ങളും ജമ്മുകശ്മീർ, ലഡാക് മേഖലകളിൽ ഇനി സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും നടക്കുക. ഇന്ത്യൻ ശിക്ഷാ നിയമം 144-ാം വകുപ്പ് അനുസരിച്ചാണ് ഡ്രോണിനെ സംബന്ധിച്ചും തീരുമാനം. ഇന്ത്യൻ വ്യോമയാന മന്ത്രാലയ ത്തിന്റെ മാർഗ്ഗരേഖകൾ ഡ്രോണുകളുടെ കാര്യത്തിലും ബാധകമാക്കിയതായി ജമ്മുകശ്മീർ ഭരണകൂടമാണ് വ്യക്തമാക്കിയത്.